Kuboos Recipe : ഗൾഫ് നാടുകളിൽ നിന്ന് മലയാളികളുടെ ഭക്ഷണശീലങ്ങളിലേക്ക് എത്തിയ ഏറെ ജനപ്രിയമായ അറബിക് ബ്രെഡാണ് കുബൂസ്. ഹമ്മസ്, ഷവർമ ഫില്ലിംഗ്, ഗ്രിൽഡ് ചിക്കൻ തുടങ്ങിയവയ്ക്കൊപ്പം കഴിക്കാൻ ഇത് വളരെ അനുയോജ്യമാണ്. വീട്ടിൽ തന്നെ തയ്യാറാക്കിയാലും പുറത്തുനിന്ന് വാങ്ങുന്ന കുബൂസിന്റെ രുചിയും സോഫ്റ്റ്നസും ലഭിക്കും. എങ്ങനെയെന്നല്ലേ. നല്ല സോഫ്റ്റ് കുബ്ബൂസ് എളുപ്പത്തിൽ എങ്ങനെയാണ് നമ്മുടെ വീടുകളിൽ തയ്യാറാക്കുന്നത് എന്ന് നമുക്ക് ഇവിടെ പരിചയപ്പെടാം.
Kuboos Recipe ingredients
- 1 1/4 cup of warm water
- 1 cup warm milk
- 1.1/4 tablespoon sugar
- 2 tablespoons Instant yeast
- 2 cups Maida
- 1/3 cup of Oilve Oil or butter
- 5 cups Maida
- 1 teaspoon salt
ഇതിനായി ഒന്നര കപ്പ് ചൂടുവെള്ളം, ഒരു കപ്പ് ഇളംചൂടുള്ള പാൽ, ഒന്നേകാൽ ടേബിൾസ്പൂൺ പഞ്ചസാര, രണ്ട് ടേബിൾസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ്, ഏകദേശം ഏഴ് കപ്പ് മൈദ, ഒരു ടീസ്പൂൺ ഉപ്പ്, മൂന്നിലൊന്ന് കപ്പ് ഒലിവ് ഓയിൽ അല്ലെങ്കിൽ ഉരുക്കിയ ബട്ടർ എന്നിവ ആവശ്യമാണ്. മൈദയുടെ അളവ് മാവിന്റെ കട്ടിക്ക് അനുസരിച്ച് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. ആദ്യം ഇളംചൂടുള്ള വെള്ളവും പാലും ഒരു പാത്രത്തിൽ ഒഴിക്കുക. അതിലേക്ക് പഞ്ചസാരയും ഈസ്റ്റും ചേർത്ത് നന്നായി കലക്കി കുറച്ച് സമയം മാറ്റിവെക്കണം.
വേറൊരു വലിയ പാത്രത്തിൽ മൈദയും ഉപ്പും ചേർത്ത് യോജിപ്പിച്ച ശേഷം ഈസ്റ്റ് ചേർത്ത ദ്രാവകം പതുക്കെ ഒഴിച്ച് മാവ് തയ്യാറാക്കുക. മാവ് കട്ടിയാകുമ്പോൾ ഒലിവ് ഓയിൽ അല്ലെങ്കിൽ ഉരുക്കിയ ബട്ടർ ചേർക്കാം. കൈകൊണ്ട് നന്നായി കുഴച്ച് മാവ് തയ്യാറാക്കണം. മാവ് വളരെ കട്ടിയാകാതിരിക്കാൻ ശ്രദ്ധിക്കുക. പാത്രത്തിൽ അല്പം എണ്ണ പുരട്ടി മാവ് അതിൽ വയ്ക്കുക. മുകളിൽ എണ്ണ പുരട്ടി ഒരു തുണികൊണ്ട് മൂടിയശേഷം ചൂടുള്ള സ്ഥലത്ത് ഏകദേശം ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ വെക്കുക. മാവ് ഇരട്ടിയായി പൊങ്ങിവരുമ്പോൾ അത് തയ്യാറായെന്ന് മനസ്സിലാക്കാം.
പൊങ്ങിയ മാവ് വീണ്ടും ഒന്ന് കുഴച്ചെടുത്ത് ഉരുളകളാക്കുക. ഓരോ ഉരുളയും മൈദ വിതറി ചപ്പാത്തിപോലെ വട്ടത്തിൽ പരത്തുക. വളരെ കനം കുറഞ്ഞും വളരെ കട്ടിയുള്ളതുമായിരിക്കരുത്. പരത്തിയ കുബൂസ് കുറച്ച് നേരം മൂടിവെച്ചാൽ കൂടുതൽ മൃദുവായി ലഭിക്കും. അടുപ്പിൽ ഒരു തവ ചൂടാക്കി എണ്ണ ചേർക്കാതെ തന്നെ കുബൂസ് ഓരോന്നായി ചുട്ടെടുക്കുക. മുകളിൽ ചെറിയ കുമിളകൾ കാണുമ്പോൾ മറിച്ചിടണം. മറുവശത്തും കുമിളകൾ വന്നുകഴിഞ്ഞാൽ വീണ്ടും തിരിച്ചിടുക. ശരിയായ ചൂടിൽ ചുട്ടാൽ കുബൂസ് പതുക്കെ പൊങ്ങി പോക്കറ്റ് രൂപം കൈവരിക്കും. തയ്യാറായവ ഒരു തുണികൊണ്ട് മൂടിവെച്ചാൽ കൂടുതൽ നേരം സോഫ്റ്റായി തുടരും. ചൂടുള്ള കുബൂസ് ചിക്കൻ കറി, ബീഫ് കറി, ഹമ്മസ്, തിക്ക, ഷവർമ ഫില്ലിംഗ് എന്നിവയ്ക്കൊപ്പം വിളമ്പാം. ചപ്പാത്തി കഴിച്ച് മടുത്തവർക്ക് പരീക്ഷിക്കാവുന്ന രുചികരവും വ്യത്യസ്തവുമായ ഒരു വിഭവമാണിത്. Kuboos Recipe Video Credit : Fathimas Curry World